കൊച്ചി: 200-ാം വർഷത്തിലേക്കു കടക്കുന്ന സിഎംഐ സന്യാസസമൂഹം വിദ്യാഭ്യാസവർഷം ആചരിക്കുന്നതിന്റെ ഭാഗമായി സഭയുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ തേവര സേക്രഡ് ഹാർട്ട് കോളജ് രാജ്യത്തെ മികച്ച കോളജ് അധ്യാപകർക്ക് ഏർപ്പെടുത്തിയ ഹാർട്ടിയൻ ഗുരുശ്രേഷ്ഠ അവാർഡ് പ്രഫ. വർത്തിക മാഥൂറിന്. ഡൽഹി സർവകലാശാലയിലെ ശ്രീ വെങ്കടേശ്വര കോളജിൽ സുവോളജി വിഭാഗം പ്രഫസറാണ്.
ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സയൻസ് ആൻഡ് ടെക്നോളജി കാറ്റഗറിയിലാണ് വർത്തിക മാഥൂറിന് അവാർഡ് ലഭിച്ചത്. ഇന്ന് കോളജ് ലേക്ക് വ്യൂ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ കൾച്ചറൽ ഇവന്റായ ഹാർട്ടി ഫെസ്റ്റിൽ അവാർഡ് സമ്മാനിക്കും.
മൃഗ, സസ്യ, സൂക്ഷ്മജീവികളിലെ പരസ്പരബന്ധങ്ങളുടെ മേഖലയിലെ പ്രമുഖ ഗവേഷകയാണ് പ്രഫ. മാഥൂർ. നെതർലാൻഡ്സ് ഫെലോഷിപ്പ് ലഭിച്ച ഏക ഇന്ത്യക്കാരിയായ ഇവർ നേരത്തേ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുണ്ട്.